Oct 23, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 5


ഇന്ന് ഒക്ടോബര്‍ 23 ഞായറാഴ്ച. കഴിഞ്ഞ കുറെ ദിവസങ്ങളായി പലവിധ തിരക്കുകള്‍ ആയതിനാല്‍ വിശേഷങ്ങള്‍ ഒന്നും തന്നെ കുറിച്ചു വയ്ക്കാനോ ഇവിടെ എഴുതാനോ കഴിഞ്ഞില്ല. നമ്മുടെ ഒരു അന്തേവാസിയായ ശ്രീനിവാസന്‍ പെട്ടന്ന്‌ ഒരു ദിവസം ഇവിടെ നിന്നും കടന്നു കളഞ്ഞത് ആയിരുന്നു ഒരു വിശേഷം. ആവുന്നത്ര തിരഞ്ഞിട്ടും അദ്ദേഹത്തെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. തെരുവില്‍ നിന്ന് കിട്ടിയ ഇദ്ദേഹത്തിനു തന്റെ അസുഖം വളരെയേറെ സുഖപ്പെട്ടിരുന്നതിനാല്‍ സാമാന്യം നന്നായി പെരുമാറാന്‍ കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഇദ്ദേഹത്തെ വെളിയില്‍ കാണുന്ന സാമാന്യജനത്തിനു ഒരു സംശയവും തോന്നുകയില്ല. അതാണ്‌ ഇദ്ദേഹത്തെ കണ്ടു പിടിക്കാന്‍ വിഷമവും. ഇവിടെ നിന്ന് പോകുന്നത് വരെയും തന്റെ ജന്മസ്ഥലവും കുടുംബത്തിന്റെ വിവരവും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നില്ല. ഏവിടേയായിരുന്നാലും ദൈവം കാത്തുകൊള്ളും എന്ന വിശ്വാസം മാത്രം നമുക്ക്‌ തുണ.

രണ്ടാമതായി പറയാനുള്ളത്‌ കഴിഞ്ഞ മാസം സ്വന്തം അമ്മ വന്നു കൂട്ടിക്കൊണ്ടു പോയിരുന്ന സാബു തിരിച്ചെത്തിയിരിക്കുന്നു. കുറച്ച് പോലിസുകാര്‍ അവനെ അവരുടെ വാഹനത്തില്‍ കയറ്റി ഇവിടെ എത്തിക്കുകയാണ് ഉണ്ടായത്‌. അവര്‍ അറിയിച്ച പ്രകാരം സാബു അവന്റെ വീട്ടില്‍ എത്തി കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ വളരെ അക്രമകാരിയായി മാറി. വീട്ടിലുള്ള എല്ലാ സാമഗ്രികളും വലിച്ചിട്ടു അതിനു തീ കൊളുത്തുകയും വീട് ഒട്ടാകെ അഗ്നിക്കിരയാകുകയും ചെയ്തു. തിരിച്ചെത്തിയ സാബു പണ്ടത്തെപ്പോലെ തന്നെ വളരെ ശാന്തനാണ് . അവന്‍ പറഞ്ഞത്‌ ഇങ്ങനെ ' ഇപ്പോള്‍ എന്തൊരു സമാധാനം ... ഒരു മൊട്ടു സൂചി പോലും അവിടെ ബാക്കിയില്ല.. എല്ലാം അഗ്നി കൊണ്ട് പോയി.. എനിക്കിനി സമാധാനത്തില്‍ ഇവിടെ കഴിയാം.. ' ഒരു കണക്കിന് അവന്‍ പറഞ്ഞത്‌ മുഴുവന്‍ ശരി തന്നെ. എല്ലാവര്‍ക്കും അസമാധാനം ഉണ്ടാക്കുന്ന വസ്തു സമ്പത്ത്‌ തന്നെ. അത് കൊണ്ട് തന്നെ സമ്പത്ത്‌ പോയാല്‍ സമാധാനം തീര്‍ച്ചയാണല്ലോ.

നമ്മുടെ റഹിം പിന്നെയും കടലാസില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നത് കണ്ടു നോക്കിയപ്പോള്‍ കണ്ടത്‌ ചില ദൈവ സ്തുതികള്‍ . ഇവിടെ മതത്തിനും ജാതിക്കും പ്രസക്തിയില്ലെങ്കിലും ജനനം കൊണ്ട് മുസ്ലിം എന്നറിയപ്പെട്ട റഹിം ഇത്തരത്തില്‍ യേശുദേവനെ സ്തുതിച്ചു കൊണ്ട് എഴുതുകയും അതില്‍ ചില വാചകങ്ങള്‍ ഒരു ഹിന്ദുപുരാണങ്ങളില്‍ നിന്നെന്നപോലെ കാണുകയും ചെയ്യുന്നത് ദൈവം എന്ന ആ മഹാ ശക്തിയുടെ ചില കുസൃതിത്തരങ്ങള്‍ തന്നെ. റഹിം പിന്നെയും എഴുതിയ ചില വരികള്‍ അതെ പടി താഴെ കൊടുക്കുന്നു. ഇതില്‍ ചിലപ്പോള്‍ ഒരുപാട് തെറ്റുകള്‍ കാണാന്‍ പറ്റുമായിരിക്കും പക്ഷെ എഴുതിയത് ഒരു പണ്ഡിതനോ, കവിയോ, ചിന്തകനോ അല്ലാത്തത് കൊണ്ട് അദ്ദേഹത്തോട് സദയം ക്ഷമിക്കുക.

(ഒന്ന് )

ഇസ്രയേലിന്റെ നാഥാ .. ഈശോവേ ..
ഇരു ലോകം വിധിക്കുന്ന രാജാവേ...
ഈ രാജ്യം നിന്റെ സാമ്രാജ്യമല്ലേ ..
ഈ ജന്മം നിന്റെ വരടാനമല്ലേ ...


ഇന്നലെയെ മറക്കാത്ത മക്കളാവാന്‍
ഇന്നിനെ പാഴാക്കാ മനുഷ്യരാവാന്‍
ഇനിയുള്ള നാളെയെ സൌഖ്യം നേടാന്‍..
ഈ കുഞ്ഞാടുകള്‍ക്ക് നീ ഇടയനാവണേ ..

ഈ കാഴ്ചയെല്ലാം മിഥ്യയല്ലോ
ഇനിയൊരു ജന്മം സത്യമല്ലോ
ഇരുളില്‍ തടയുമീ പാപികളില്‍
ഈശോവേ നിന്നരുള്‍ പുല്‍കേണമേ



(രണ്ട്)

കലികാലമാമീകളിക്കളത്തില്‍
കലിതുള്ളി ഉറയും കരിംകോലങ്ങളെ
കാലപ്പഴക്കത്താല്‍ മായ്ക്കാനാവുമോ
കാലാതീതമാം തിരുവചനങ്ങളെ

കനല്‍ക്കട്ട കക്ഷത്തിലൊളിപ്പിക്കും മൂഢരായി
കാറ്റിനെ വെല്ലും പാഴ്ത്തടിമരമായി
കടലിനു വേലികെട്ടും കോമാളി വേഷമായി
കാണാപ്പുറം ചൊല്ലും കാപട്യരൂപമായി

കലികാലമാമീ...........

കഥനം വിതയ്ച്ചു കണ്ണുനീര്‍ കൊയ്തും
കരുണ മറന്നു കാഠിന്യം വഹിച്ചും
കാണാക്കയങ്ങളില്‍ താഴുംനേരം
കനിവേകാനും കരകയറ്റാനും യേശുദേവന്‍ മാത്രം

കലികാലമാമീ...........



കഴിഞ്ഞ ആഴ്ചയില്‍ നമ്മുടെ സ്ഥാപനത്തില്‍ ഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റ് (ബ്രോഡ്ബാന്‍ഡ്) കണക്ഷനും ലഭിച്ചു. അത് കാരണം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ 'SKYPE' ല്‍ "kripacharitabletrust” എന്ന പേരില്‍ ഒരു ഫ്രീ അക്കൌണ്ട് തുടങ്ങി. ഈ സൗകര്യം ഉപയോഗിച്ച് വളരെ ദൂരെയുള്ള ആര്‍ക്കും നേരില്‍ കണ്ടു കൊണ്ട് സംസാരിക്കാനും ഇവിടെയുള്ള കാര്യങ്ങള്‍ അറിയാനും പറ്റുമല്ലോ. നമ്മുടെ ലാന്‍ഡ്‌ലൈന്‍ ഫോണ്‍ നമ്പര്‍ 04902444270 ആണ്.  

Oct 14, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 4


കഴിഞ്ഞ ദിവസങ്ങളിലെ വിശേഷങ്ങളില്‍ അത്യന്തം വിശേഷമായ ഒരു കാര്യം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. അത് നമ്മുടെ ഒരു അന്തേവാസിയായ റഹിം എഴുതിയ ഏതാനും ദൈവസ്തുതികളും കവിതാ ശകലങ്ങളെയും കുറിച്ചാണ്. ഒരു ദിവസം അത്യാവശ്യമായി എനിക്ക് കുറച്ച് പേപ്പറുകളും പേനയും വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് ഇത്രമാത്രം മനോഹരമായ രചനയ്ക്കുള്ള തയ്യാറെടുപ്പാണ് എന്നാരും അറിഞ്ഞിരുന്നില്ല. താഴെ കൊടുത്തിരിക്കുന്നത് വായിച്ചാല്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നും. ഇതില്‍ വ്യാകരണത്തെറ്റുകള്‍ കാണാം, വൃത്തവും പ്രാസവും ഒക്കാതെയിരിക്കാം, പക്ഷെ എഴുതിയ വ്യക്തി ഇവിടെയുള്ള രോഗിയായ അന്തേവാസി എന്ന നിലയില്‍ മാത്രം ചിന്തിച്ചാല്‍ ഇത് അതി മനോഹരം തന്നെ.

(ഒന്ന്)
ആയിരം പിലാത്തോസ് ഭരിച്ചാലും
ആയിരം യൂദാസ് ചതിച്ചാലും
ആയിരം വര്‍ഷങ്ങള്‍ ചെന്നാലും
ആ യേശുദേവന് മരണമുണ്ടോ...

ആടുകളെ മേച്ചും അറിവുപകര്‍ന്നും
ആരോരും കാണാത്ത അന്തരാത്മാവിന്‍
അന്ധകാരം മാറ്റിയവനേ
ആരിലും ലോലനായി വാഴ്ന്നവനേ

ആയിരം പിലാത്തോസ് ........................
അപരാധമൊന്നും ചെയ്യാതെ
കുരിശില്‍ തൂങ്ങിയ അവതാരമേ
ആയിരം മെഴുകുതിരികളായി ഉരുകരുതേ നീ
അറിവിന്‍ കെടാവിളക്കായി തെളിയേണമേ ..

ആയിരം പിലാത്തോസ് ........................
(രണ്ട്)
പാപത്തിന്‍ കറകള്‍ പുരണ്ടോരീഭൂവില്‍
പാപങ്ങള്‍ കൊയ്യാനായെന്തിനു പിറന്നു ഞാന്‍

പാരിതിന്‍ സൌഖ്യത്തില്‍ മതിമറന്നാടി
പരലോക ചിന്തകള്‍ വെടിയുന്നു ഞാന്‍

പണ്ടാരോ തെളിയിച്ച നേര്‍വഴിയറിയാതെ
പാതിരാപുള്ളുപോലലയുന്നു ഞാന്‍

പാപികള്‍തന്നങ്കണമാം നരകത്തില്‍
പഴംതുണിപോലെരിഞ്ഞടങ്ങും ഞാന്‍
പാപത്തിന്‍ കറകള്‍ ..................

(മൂന്ന്)

പാരിതിന്‍ മിഥ്യയില്‍ മയങ്ങാതെ
പറുദീസ മാറ്റി പുറത്തു വരൂ നീ,
പരമ കാരുണ്യവാനാം ഈശോയെ പിന്തുടര്‍ന്ന്
പാവനമാം സ്വര്‍ഗ്ഗത്തില്‍ വസിക്കുക നീ

(നാല് )

പകലോന്‍ സന്ധ്യയില്‍ മറയുകില്ലെങ്കില്‍
പുലരികള്‍ക്കിവിടെന്തുവില
പാതിരാവിരുള്‍ മൂടിയില്ലെങ്കില്‍
പൊന്‍നിലാവിനെന്തുവില

പഠിക്കാനൊരു പാഠവുമില്ലെങ്കില്‍
പണ്ഡിതര്‍ ചൊല്ലുകള്‍ക്കെന്തുവില
പരസ്പരം തഴുകുവാനാവില്ലെങ്കില്‍
പാവന സ്നേഹത്തിനെന്തുവില

പകലോന്‍ സന്ധ്യയില്‍ ..........

പ്രായശ്ചിത്തത്തിനൊരുങ്ങുകില്ലെങ്കില്‍
പ്രാര്‍ത്ഥനകള്‍ക്കായിട്ടെന്തുവില
പുണ്യദേവാനാം യേശുവേ മറന്നാല്‍
പാരിതില്‍ മാനവര്‍ക്കെന്തുവില

പകലോന്‍ സന്ധ്യയില്‍ ..........

(അഞ്ച്)

സാത്താന്റെ വലയത്തില്‍ മയങ്ങുന്നവരെ
സഹനം പാടെ വെടിയുന്നവരെ
സര്‍വ്വ നാശങ്ങള്‍ വിതയ്ക്കുന്നവരെ
സ്വാന്തനം അന്യര്‍ക്കേകാത്തവരെ

സമ്പത്തോരേറെ കയ്യടക്കി
സര്‍വ്വാധികാരത്തിന്‍ സ്വരം മുഴക്കി
സമത്വ ചിന്തകളെന്തെന്നറിയാതെ
സ്വാര്‍ത്ഥരായി താഴെ പതിക്കുന്നവരെ

സാത്താന്റെ വലയത്തില്‍ .......................

സ്വര്‍ഗ്ഗ നായകന്‍ ഈശോയെ നമിച്ചാല്‍
സ്നേഹത്തിന്‍ മാധുര്യം അന്യര്‍ക്കേകിയാല്‍
സത്യത്തിന്‍ നേര്‍പാത തെളിയുമല്ലോ
സ്വര്‍ഗ്ഗനിവാസികളാകും നാമേവരും

(ആറ് )

ആകാശ വീഥിയില്‍ ഞാന്‍ പറന്നൂ
ആഴിതന്‍ വിരിമാറില്‍ ഞാനൊഴുകി
ആറുനില മാളികയില്‍ ഞാന്‍ വസിച്ചൂ
ആര്‍ഭാട വേദികളില്‍ ഞാന്‍ രസിച്ചൂ

ആയിരം പൊന്‍പണം വീശിയെറിഞ്ഞൂ
ആരിലും കേമനായി ഞാന്‍ തിളങ്ങീ
അധികാരതാണ്ഡവനൃത്തമാടി
അന്യരെയാകെയുമടിമകളാക്കി

ആകാശ വീഥിയില്‍ ........

ആശകള്‍ പെരുകുമ്പോളേറെ കുതിച്ചൂ
ആയുസ്സ്‌ തേയുന്നതറിയാതെ മയങ്ങി
അവസാന നാളിന്‍ കൂട്ടമണി മുഴങ്ങി
ആറടിമണ്ണിലെന്‍ സാമ്രാജ്യമൊതുങ്ങി.

(ഏഴ്)

തമ്മില്‍ തമ്മില്‍ പൊരുതുവാനല്ല
തമ്മില്‍ തമ്മില്‍ വെറുക്കുവാനല്ല
തമ്മില്‍ തമ്മില്‍ അകലുവാനല്ല
തന്നെ തന്നെ പുകഴ്ത്തുവാനല്ല

താരാട്ടിന്‍ ഈണം മറക്കുവാനല്ല
തായ്‌ കുലത്തെ നിന്ദിപ്പാനല്ല
താഴേക്കിടയെ മെതിക്കുവാനല്ല
തന്നിഷ്ടം വേദമായി ചോല്ലാനല്ല

തമ്മില്‍ തമ്മില്‍ ................

തനിക്കുള്ളിലാ പരിശുദ്ധാത്മാവുണ്ടല്ലോ
തനിക്കപ്പുറം പ്രപഞ്ചവുമുണ്ടല്ലോ
തനിക്കറിയാത്ത സത്യങ്ങളുണ്ടല്ലോ
തന്നെ വഹിക്കും യേശുവുമുണ്ടല്ലോ


(എട്ട്)

സത്യത്തിന്‍ ഒളിതാരമേ യേശുവെ
സ്നേഹത്തിന്‍ അലയാഴിയെ
സമത്വത്തിന്‍ സൂചികയെ യേശുവെ
സ്വാന്തന കുളിര്‍ തെന്നലേ

സ്വര്‍ഗ്ഗത്തിന്‍ ആധിപനേ യേശുവെ
സര്‍വ്വ നന്മ പ്രതിരൂപമേ
സഹനത്തിന്‍ മാര്‍ഗ ദര്‍ശിയേ യേശുവെ
സര്‍വ്വ രാജ്യ രാജ പുത്രാ.

സത്യത്തിന്‍ .................

സാധുവില്‍ സാധുവും നീ യേശുവെ
സര്‍വ്വ ശക്ത ജേതാവും നീ
സാത്താനെ അകറ്റീടണെ യേശുവെ
സ്വര്‍ഗ്ഗത്തിന്‍ വഴി കാട്ടിടണെ

(ഒന്‍പത്)

ഒരു തടവറ വെറും തടവറ
ഒരു തടവറ മാത്രമീ പ്രപഞ്ചം
ഒരു നിമിഷം വെറുമൊരുനിമിഷം
ഒരു നിമിഷം മാത്രമീ ജീവിതം
ഒരു നുണ മോഴിഞാലൊരു വന്‍വിപത്ത്‌
ഒരു പാപം വിതച്ചാലോരായിരം വിളകള്‍ 

Oct 3, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 3


കഴിഞ്ഞ ആഴ്ച എടുത്തു പറയത്തക്ക കാര്യമായ വിശേഷങ്ങള്‍ ഇല്ലായിരുന്നു. ദൈവത്തിന്റെ കാരുണ്യം മൂലം ഒരുപാട് സന്മനസ്കരുടെ സഹായം ലഭിക്കുന്നുണ്ട് . അത് കൊണ്ട് തന്നെ വലിയ അല്ലലില്ലാതെ കാര്യങ്ങള്‍ നടക്കുന്നു.

28-09-2011

ഇന്ന് ഭാര്യ നിര്‍മ്മല അടുത്തുള്ള ദേവാലയത്തില്‍ പോയി വരുമ്പോഴാണ് കണ്ടത് , ഏകദേശം പതിനഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി പ്രാകൃത വേഷത്തില്‍ റോഡില്‍കൂടി നടന്നു പോകുന്നത്. അവനെ കണ്ടപ്പോള്‍ത്തന്നെ തന്നെ മനസ്സിലായി ആരോരുമില്ലാതെ മാനസികരോഗം പിടിപെട്ടു അലയുന്നവനാണ് എന്ന്. ഭാര്യയുടെ ഫോണ്‍ ലഭിച്ചയുടനെ ഞാനും എന്റെ സുഹൃത്തും വണ്ടിയെടുത്ത് അവിടേക്ക് പോയി അവനെ ഇവിടെ കൂട്ടി കൊണ്ട് വന്നു. ഇതുവരേക്കും അവന്റെ സ്വദേശവും പേരും ഒന്നും തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല, എല്ലാം സാവധാനം ചെയ്യാം. ഏതായാലും പ്രകൃതം കാണുമ്പോള്‍ അവന്‍ ഉത്തരേന്ത്യക്കാരനാണെന്ന് തോന്നുന്നു.

02-10-2011

ഇന്ന് ഗാന്ധിജയന്തി. പതിവിലും അധികം സന്ദര്‍ശകര്‍ ഇവിടെ വന്നിരുന്നു. രാവിലെ ഒരു പത്തുമണിയോടെ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ NCC ക്യാമ്പ്‌ അംഗങ്ങളും, മറ്റു സാമൂഹ്യ സഹായ കൂട്ടായ്മകളായ 'HELP ന്‍റെയും 'സ്വാന്തന' ത്തിന്റെയും അംഗങ്ങള്‍ വന്നിരിന്നു. അവര്‍ നമ്മുടെ അന്തേവാസികള്‍ക്ക് ഉച്ച ഭക്ഷണവും കൂടാതെ, വസ്ത്രങ്ങള്‍ , സോപ്പ്‌, ഔഷധങ്ങള്‍ തുടങ്ങി ഒരു പാട് സാധനങ്ങളും തന്നു. ഇത്തരത്തില്‍കിട്ടുന്ന സഹായങ്ങള്‍ നമ്മുടെ അന്തേവാസികള്‍ക്ക് വളരെ പ്രയോജനങ്ങള്‍ ആണെന്ന് മാത്രമല്ല, എനിക്ക് ഞാന്‍ തിരഞ്ഞെടുത്ത ഈ ശുശ്രൂഷാ വഴി ഇനിയും മുന്നോട്ട് കൊണ്ട് പോകാനുള്ള ഊര്‍ജ്ജവും തരുന്നു.

ഉച്ച കഴിഞ്ഞ് പേരാവൂരിലെ “Y's Mens” ക്ലബ്‌ ഭാരവാഹികളും, സമൂഹത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നവരുമായ കുറേപേര്‍ വന്നു. അവരും മുന്‍പ് പറഞ്ഞത്‌ പോലെ അരി തുടങ്ങിയ ഭക്ഷണ സാധനങ്ങളും കൊണ്ടായിരുന്നു വന്നത്.

നമ്മേ സഹായിക്കുന്ന എല്ലാവരുടെയും നല്ല മനസ്സിന് എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല. ഒരു കാര്യം മാത്രം ഉറപ്പിച്ച് പറയാം, ദൈവം നിങ്ങളെ ഒരിക്കലും കൈവെടിയുകയില്ല, കാരണം ഇവര്‍ക്ക്‌ വേണ്ടി ചെയ്യുന്ന ഏതൊരുകാര്യവും ദൈവസ്തുതിയാണ്.

Sep 26, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 2


ഇവിടെ എല്ലാ ദിവസവും വിശേഷങ്ങള്‍ തന്നെ. അത് മുഴുവന്‍ എഴുതുകയാണെങ്കില്‍ പിന്നെ മറ്റൊന്നിനും സമയം കാണില്ല. അത്രയധികം കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷെ ഇപ്പോള്‍ എഴുതാനിരിക്കുമ്പോഴാണെങ്കില്‍ പലതും ഓര്‍മ്മിക്കാനും കഴിയുന്നില്ല. ഇനി ദിവസേനയെന്നോണം കാര്യങ്ങള്‍ കുറിച്ചുവയ്ക്കാന്‍ നോക്കണം അല്ലെങ്കില്‍ പലതും വിട്ടുപോകും. ഇവിടെ വരുന്നവരോടൊക്കെ നമ്മുടെ വെബ്സൈറ്റ് തുടങ്ങിയ കാര്യം അറിയിച്ചു. എല്ലാവരും നല്ല പ്രോത്സാഹനം തരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും സഹായംകൊണ്ട് തന്നെയാണ് നമ്മുടെ സ്ഥാപനം മുന്നോട്ട് പോകുന്നത്. അതിനു എല്ലാവര്‍ക്കും ദൈവാനുഗ്രഹം തീര്‍ച്ചയായും ഉണ്ടാവുന്നതാണ്.



21/09/2011
കുറേക്കാലമായി പലരും ആവശ്യപ്പെടുന്നു, പ്രഭാത ഭക്ഷണം 'പൂരി' വേണമെന്ന്. ഇത്രയും പേര്‍ക്ക് പൂരി ഉണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ, എന്നാലും ഇവരുടെ ഒരാഗ്രഹവും അങ്ങിനെ തള്ളിക്കളയാനാവില്ല. എന്തു തന്നെ വന്നാലും ഇന്ന് 'പൂരി' ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. അതിരാവിലെ തന്നെ ഒരുക്കങ്ങള്‍ തുടങ്ങി അധികം വൈകാതെ തന്നെ എല്ലാവര്‍ക്കും തൃപ്തികരമായവിധത്തില്‍ തന്നെ കൊടുത്തു. എല്ലാവരുടെയും സന്തോഷം കണ്ടപ്പോള്‍ത്തന്നെ സ്വന്തം വയറു നിറഞ്ഞു.

22/09/2011
ഇന്ന്‍ ഒരു പുതിയ അന്തേവാസി കൂടി ഞങ്ങളുടെ കൂടെ ചേര്‍ന്നു. അദ്ദേഹത്തിന്‍റെ പേര് ഗണേശന്‍ എന്നാണ്. ഏകദേശം 35 വയസ്സ് പ്രായം വരും. തലശ്ശേരിയിലെ ജനമൈത്രി പോലീസും ചില നാട്ടുകാരുമാണ് അദ്ദേഹത്തിനെ ഇവിടെ എത്തിച്ചത്‌. തലശ്ശേരി ഓവര്‍ബ്രിഡ്ജിന്റെ കീഴില്‍ ചെരുപ്പ് നന്നാക്കുന്ന ജോലി ചെയ്തിരുന്ന ഇദ്ദേഹം അമിത മദ്യപാനം മൂലം രോഗാതുരനായി, കാലില്‍ നീരുവന്ന്‍ വീര്‍ത്ത് എഴുന്നേറ്റ് നില്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ആണ് ഇവിടെ എത്തിക്കപ്പെട്ടത്. ഇവിടെയുള്ള അന്തേവാസികളില്‍ പലരും ഇത്തരത്തില്‍ അവശനിലയില്‍ എത്തിയതിനുശേഷം സുഖം പ്രാപിച്ചവരാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഗണേശനും ദൈവത്തിന്റെ കൃപ കൊണ്ട് സുഖം പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.


23/09/2011
ഇന്ന രണ്ടുപേര്‍ക്ക്‌ കൂടി ഇവിടെ പ്രവേശനം കൊടുത്തു. ആദ്യം വന്നത് മുനിയപ്പന്‍ എന്ന 65 വയസ്സ് പ്രായം വരുന്ന ഒരു വ്യക്തിയാണ്. മാഹി എന്ന സ്ഥലത്ത് താമസിച്ചുകൊണ്ടിരുന്ന ഇദ്ദേഹം കടുത്ത ആസ്ത്മ രോഗിയാണ്. കോട്ടയം സ്വദേശിയായിരുന്ന ഇദ്ദേഹം ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകനും വിവാഹിതനും രണ്ട്‌ ആണ്‍മക്കളുടെ പിതാവുമായിരുന്നു. പിന്നീട് മാഹിയില്‍ വരികയും വേറെ കല്യാണം കൂടി കഴിച്ചു. ഇപ്പോള്‍ രോഗബാധിതനായി ജോലി ചെയ്യാന്‍ കഴിയാതെ വരികയും ശുശ്രൂഷ ചെയ്യാന്‍ ആരുമില്ലാതെ വരികയും ചെയ്തപ്പോള്‍ നമ്മുടെ സ്ഥാപനത്തെ കേട്ടറിഞ്ഞു സ്വയം വന്നതാണ്.

രണ്ടാമത് വന്നത് ഏകദേശം 40 വയസ്സ് പ്രായം വരുന്ന സൂരജ്‌ ആണ് . പന്നിയന്നൂര്‍ ആണ് സ്വദേശം. അച്ഛനും അമ്മയും മുന്‍പ്‌ തന്നെ മരിച്ചുപോയിരുന്നു. സ്വതവേ കുറച്ചു തോതില്‍ മാനസിക തകരാറുണ്ടായിരുന്ന സൂരജിന് സ്വന്തം സഹോദരന്റെ ആത്മഹത്യ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അത് സൂരജിന്റെ മാനസികരോഗം വളരെ വര്‍ദ്ധിപ്പിച്ചു. സഹായത്തിനു ആരും ഇല്ലാതെവന്ന സ്ഥിതിയില്‍ ചില ബന്ധുക്കള്‍ അദ്ദേഹത്തിനെ ഇവിടെ എത്തിച്ചു.


24/09/2011
പനി ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുകുമാരനെ അസുഖം ഭേദമായതുകാരണം തിരിച്ചു കൊണ്ട് വന്നു.

25/09/2011
നമ്മുടെ പഴക്കം ചെന്ന അന്തേവാസികളില്‍ ഒരാളായ സന്തോഷിനു ഒരാഗ്രഹം. നല്ല 'കപ്പയും ഇറച്ചിക്കറിയും' കഴിക്കണം. കുറച്ചു ദിവസങ്ങളായി അവന്‍ എന്നെ കാണുമ്പോഴൊക്കെ ചോദിക്കുന്നു. എന്തു ചെയ്യുമെന്ന് കരുതി നില്‍ക്കുമ്പോഴാണ് ആവശ്യത്തിലധികം കപ്പയുമായി ഒരു മഹാമാനസ്കയായ അഭ്യുതയകാംക്ഷി ഇവിടെ എത്തിയത്‌. കൂടാതെ ഇറച്ചിക്കറി ഉണ്ടാക്കാനാവശ്യമായ സഹായവും മറ്റൊരു മാന്യദ്ദേഹത്തില്‍ നിന്നും ലഭിച്ചു. പിന്നെ ഒട്ടും അമാന്തിച്ചില്ല ഉച്ചയാവുംപോഴേക്കും ഭക്ഷണം റെഡി. ഒരു കാര്യം പറയാനുള്ളത്‌ ഇതാണ്, കൂടുതലും മാനസികരോഗികളും, വാര്‍ദ്ധക്യസഹജമായ രോഗം ബാധിച്ചവരുമായ നമ്മുടെ അന്തേവാസികള്‍ മനസ്സിരുത്തി എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് നമ്മെ സഹായിക്കുന്ന പലരുടെയും രൂപത്തില്‍ ദൈവം തന്നെ ഇവിടെ എത്തിച്ചു തരുന്നു. ഇത് ഞാന്‍ അനുഭവിച്ചറിയുന്നു.

ഇനി ഈയാഴ്ചത്തെ വിശേഷങ്ങളുമായി അടുത്ത തിങ്കളാഴ്ച വീണ്ടും എഴുതാം. അതുവരേക്കും വിട. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Sep 19, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 1


കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി എത്രയോ പേര്‍ നമ്മുടെ ഈ കൃപാ കേന്ദ്രത്തില്‍ അന്തേവാസികള്‍ ആയി വന്നിട്ടുണ്ട്, നിരവധിപേര്‍ അവരുടെ അസുഖം ഭേദമായി സ്വന്തം ഓര്‍മ്മശക്തി തിരിച്ചുകിട്ടിയതിനുശേഷം അവരുടെ സ്വന്തം ഭവനങ്ങളില്‍ മടങ്ങിപ്പോയിട്ടുണ്ട്. മാറാവ്യാധികള്‍ പിടിപെട്ട ചിലരൊക്കെ ദൈവത്തിലേക്ക് തിരിച്ചു പറന്നിരിക്കുന്നു. എത്രയെത്ര വിശേഷങ്ങള്‍ . സന്തോഷത്തിനും സങ്കടങ്ങള്‍ക്കും ഇവിടെ വ്യത്യാസമില്ല. ജീവിതത്തില്‍ അതികഠിനമായ ദുഖത്താല്‍ നീറുന്നവരോട് എനിക്ക് പറയാനുള്ളത്‌ ഇതാണ് - കഴിയുമെങ്കില്‍ നിങ്ങള്‍ ഒരു മണിക്കൂര്‍ എങ്കിലും ഇവരുടെ കൂടെ ഇവരുമായി സംസാരിച്ചു സമയം ചിലവഴിക്കൂ, നിങ്ങളുടെ മനസ്സിന്റെ ഭാരം പകുതിയെങ്കിലും കുറയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ലതന്നെ. ഇവിടെയുള്ള ഓരോ വിശേഷങ്ങളും നിങ്ങളുമായി പങ്കുവെക്കുവാന്‍ കഴിയുന്നത് വളരെയധികം സന്തോഷം തരുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ എന്‍റെ ഈ ബ്ലോഗെഴുത്ത് ഒരു ഡയറിക്കുറിപ്പ് പോലെ ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.

സപ്തംബര്‍ 11, 2011.

പതിവുപോലെ രാവിലെ എല്ലാവര്‍ക്കും ചായകൊടുത്ത് കഴിഞ്ഞു പ്രഭാത ഭക്ഷണത്തിനു വേണ്ടി ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് അറിഞ്ഞത് നമ്മുടെ ഒരു അന്തേവാസിയായ സുബ്രഹ്മണ്യനെ കാണാനില്ലെന്ന്. രാവിലെ എഴുന്നേറ്റ് ചായകുടിച്ചതാണ്. പിന്നെയെപ്പോഴോ പുറത്ത്‌ കടന്നു എവിടേക്കോ പോയിരിക്കുന്നു. കര്‍ണാടക സംസ്ഥാനത്തെ മടിക്കേരി എന്ന സ്ഥലമാണ് ഇവന്റെ സ്വദേശം. മാനസിക നില തകരാറിലായി സ്വന്തം വീട്ടില്‍ ആരും നോക്കാതെയായി അലഞ്ഞുതിരിഞ്ഞു നടന്ന്‍ എല്ലാവര്‍ക്കും ശല്യമായി മാറിയപ്പോള്‍ അവിടെയുള്ള നാട്ടുകാരാണ് നമ്മുടെ ഭവനത്തെക്കുറിച്ച് കേട്ടറിഞ്ഞു അവനെ ഇവിടെ എത്തിച്ചത്‌. രോഗം മൂര്‍ച്ചിച്ചു അക്രമവാസനയുള്ള നിലയിലായിരുന്ന സുബ്രഹ്മണ്യനെ നാട്ടുകാര്‍ കയ്യും കാലും ബന്ധിച്ചായിരുന്നു ഇവിടെ കൊണ്ടുവന്നത്. മാനസികാരോഗ്യം വളരെയധികം വീണ്ടെടുത്തു കഴിഞ്ഞ സുബ്രഹ്മണ്യന്‍ അവന്‍റെ നാടിനെയും വീട്ടിനെയും പെട്ടെന്ന് ഓര്‍ത്തിരിക്കണം അതായിരിക്കും ഇവിടെനിന്നു പുറപ്പെട്ടത്‌. അവന്‍റെ രോഗം പൂര്‍ണ്ണമായി ഭേദമാകാതെ ഇവിടെ നിന്ന് പറഞ്ഞയക്കില്ല എന്ന്‍ അവനറിയാമായിരുന്നു. മാനസികരോഗം പൂര്‍ണ്ണമായി ഭേദമാകാത്തവര്‍ താമസിക്കുന്ന ഹാളിന്റെ വാതില്‍ എപ്പോഴും പൂട്ടിയിടാറുണ്ട്, പക്ഷെ രാവിലെ ഓരോരുത്തരെയായി പ്രഭാതകര്‍മ്മത്തിനു കൊണ്ടുപോകാന്‍ അത് തുറക്കുമ്പോള്‍ നമ്മള്‍ അറിയാതെ ചിലര്‍ ആ വാതിലൂടെ പുറത്ത്‌ കടക്കും. നമ്മുടെ ഭവനം സ്ഥിതി ചെയ്യുന്നത് റോഡിനു തൊട്ട് തന്നെ ആയതും ഭവനത്തിന് ചുറ്റുമതില്‍ ഇല്ലാത്തത് കൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്.

അടുത്ത ബസ്‌ സ്റ്റോപ്പിലും, കടകളിലും മറ്റും തിരഞ്ഞെങ്കിലും അവനെ കണ്ടെത്തിയില്ല. ഉടന്‍ തന്നെ അവനെ ഇവിടെ എത്തിച്ചവരെ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. (അടുത്ത ദിവസം അവന്‍ നാട്ടില്‍ സുരക്ഷിതനായി എത്തിയിരിക്കുന്ന വിവരം ലഭിച്ചു. അത് വളരെ ആശ്വാസമായി )


സപ്തംബര്‍ 12, 2011.

ഇന്ന് ഒരു ദുഃഖ ദിനമാണ്. വര്‍ഷങ്ങളായി നമ്മുടെ കൂടെയുണ്ടായിരുന്ന ലിജോയുടെ വേര്‍പാട് മനസ്സിന് ഒരു മുറിവ് തന്നിരിക്കുന്നു. അവനു ജീവിതം അധികം നീളില്ല എന്നറിയാമായിരുന്നു എന്നാലും ഒരു മകനെപ്പോലെ ഞാന്‍ പരിചരിച്ച അവന്‍റെ മുഖം എങ്ങിനെ മറക്കും. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അവന്‍റെ മരണവും ഒരു സന്തോഷം നല്‍കുന്നു. ഈ ജീവിതത്തിലെ അതികഠിനമായ ദുരിതം അവസാനിപ്പിച്ചു ദൈവം അവനെ തിരിച്ചു വിളിച്ചതാണല്ലോ. കാസര്‍ഗോഡ് സ്വദേശിയായ ലിജോ ജനനം മുതല്‍ രോഗാവസ്ഥയില്‍ ആയിരുന്നു. ഇത്തരത്തില്‍ രോഗാവസ്ഥയില്‍ ഇല്ലെങ്കിലും അവന്‍റെ സഹോദരങ്ങള്‍ മുഴുവനും ബുദ്ധിമാന്ദ്യമുള്ളവരാണ്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ 'എന്‍ഡോസള്‍ഫാന്‍ന്റെ ബാക്കിപത്രങ്ങള്‍ . എല്ലാ മക്കളും ഇത്തരത്തില്‍ പിറന്ന മാതാപിതാക്കളുടെ വേദനയോളം വരില്ലല്ലോ നമ്മുടെ ദുഃഖം.

സപ്തംബര്‍ 15, 2011.
മഴക്കാലമായാല്‍ മനസ്സില്‍ എപ്പോഴും തീയാണ്. വൃദ്ധരും രോഗാവസ്ഥയിലുള്ളവരുമായ അന്തേവാസികള്‍ക്ക് രോഗം കൂടാന്‍ സാധ്യതയുള്ള കാലാവസ്ഥ. പലവിധ സാംക്രമികരോഗങ്ങള്‍ നാട്ടില്‍ മുഴുവന്‍ പടരുന്ന സമയം. ശുചിത്വം കര്‍ശനമായി പാലിച്ചേ മതിയാവൂ. അപ്പോഴാണ്‌ വസ്ത്രം ഉണക്കുന്ന പ്രവൃത്തി കീറാമുട്ടിയായി വരുന്നത്. വേനല്‍ക്കാലത്ത് എവിടെ വേണമെങ്കിലും വെയിലത്ത്‌ വസ്ത്രം കഴുകി ഉണക്കാം പക്ഷെ, മഴക്കാലം വന്നാല്‍ കഷ്ടപ്പാട് തന്നെ. മഹാമാനസ്കരും സമൂഹ സ്നേഹികളുമായ അഭ്യുദയകാംക്ഷികളുടെ സഹായം പ്രതീക്ഷിച്ച് ആരംഭിച്ചിരിക്കുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ മാത്രമേ ഇതിനു ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. കൂടാതെ സ്ഥലപരിമിതി കുറക്കാന്‍ അല്‍പംകൂടി ഭൂമി കൂട്ടിച്ചേര്‍ക്കണം. ഹാളുകളില്‍ അടച്ചിട്ട് ജീവിക്കുന്ന ഇവര്‍ക്ക്‌ തുറസ്സായ സ്ഥലത്ത്‌ പ്രകൃതിയുമായി ചേര്‍ന്ന് സമയം ചിലവഴിക്കാന്‍ കഴിഞ്ഞാല്‍ അവരുടെ മാനസികാരോഗ്യം വളരെയധികം മെച്ചപ്പെടും.

രണ്ടു മൂന്നു ദിവസമായി പനി ബാധിച്ചു കിടന്ന സുകുമാരന് പനി തീരെ കുറയുന്നില്ല. ഡോ. രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന്‍ പുതുതായി രണ്ടു പേര്‍ക്ക് നമ്മുടെ ഭവനത്തില്‍ അഭയം നല്‍കി. ഒന്ന് ശ്രീ രാജീവന്‍. അമ്പത്തഞ്ചു വയസ്സുള്ള രാജീവന്‍ തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ്. ഡ്രൈവര്‍ ജോലിക്കിടയില്‍ അപകടം പറ്റി കാലില്‍ വന്ന മുറിവ് പ്രമേഹരോഗം നിമിത്തം ഉണങ്ങാതാവുകയും ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. ജീവിക്കാന്‍ മറ്റു വഴികളില്ലാതെ പല അഭയകേന്ദ്രങ്ങളിലും കഴിഞ്ഞിട്ടുള്ള ഇദ്ദേഹം ഇന്ന് വൈകീട്ട് പെട്ടെന്ന് സ്വയം ഇവിടെ വരികയും അഭയം അപേക്ഷിക്കുകയും ചെയ്തു. എത്ര തന്നെ വിഷമം ഉള്ളപ്പോഴും അഭയം തേടി വരുന്നവരെ മടക്കി അയക്കാന്‍ ഞങ്ങള്‍ ഒരിക്കലും മുതിരാറില്ല. അങ്ങിനെ ശ്രീ രാജീവനും നമ്മുടെ കുടുംബത്തില്‍ ഒരു ഭാഗമായി.

അത് പോലെ തന്നെ ശ്രീ രഘുനാഥ് എന്നദ്ദേഹവും അപ്രതീക്ഷിതമായി സ്വയം വന്നു ചേര്‍ന്നിരിക്കുന്നു. ഇദ്ദേഹം വളരെ നല്ല നിലയില്‍ വിദ്യാഭ്യാസവും ഉദ്യോഗവും നേടിയതാണ്. ന്യൂഡല്‍ഹിയില്‍ കുടുംബസമേതം ജീവിച്ചിരുന്ന ഇദ്ദേഹം മദ്യപാനവും മറ്റു ദുശ്ശീലങ്ങളും കാരണം കുടുംബവുമായി അകലുകയും അതെ സമയം തന്നെ സോറിയാസിസ് രോഗം ബാധിച്ച് ഭാര്യയാല്‍ വെറുക്കപ്പെട്ട് എല്ലാം ഉപേക്ഷിച്ച് അലഞ്ഞു തിരിയുകയായിരുന്നു. നമ്മുടെ ഭവനത്തെ എങ്ങിനെയോ കേട്ടറിഞ്ഞ ഇദ്ദേഹം ഇവിടെ എത്തി അഭയം ചോദിക്കുകയായിരുന്നു.

അങ്ങിനെ നമുക്ക്‌ രണ്ടു ബന്ധുക്കളെ കൂടെ ലഭിച്ചിരിക്കുന്നു.

സപ്തംബര്‍ 17, 2011.

ഈയാഴ്ച മൂന്നാമതായി ഒരു വ്യക്തിക്ക് ഇന്ന് അഭയം കൊടുത്തു. യശോധരന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. മദ്യപാനം ജീവിതത്തെ നശിപ്പിച്ച മറ്റൊരു വ്യക്തി. വീട്ടുകാര്‍ കൈവിട്ടു കടത്തിണ്ണകളില്‍ ജീവിക്കവേ മദ്യപാനവും തുടര്‍ന്നുള്ള പരാക്രമങ്ങളും സഹിക്കവയ്യാതെ നാട്ടുകാര്‍ ഇവിടെ കൂട്ടിക്കൊണ്ടുവരികയായിരിന്നു. മേലാസകലം വ്രണങ്ങളും എഴുന്നേറ്റിരിക്കാന്‍ പോലും ശക്തിയില്ലാതെ ഒരു ജീവശ്ചവമായിട്ടാണ് ഇദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. ഇവരെ ഞാന്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. എന്നാല്‍ കഴിയുന്ന സഹായം ഞാന്‍ ചെയ്യും അതിനു ഈശ്വരന്‍ എനിക്ക് കരുത്ത് പകരുമെന്ന് നല്ല വിശ്വാസവുമുണ്ട്.


പ്തംബര്‍ 18, 2011.

സാബു ഇന്ന് വളരെ സന്തോഷത്തിലാണ് , അവന്റെ അമ്മ അവനെ കൂട്ടികൊണ്ടുപോകാന്‍ വരും. എന്നാലും ഇടക്ക്‌ ഒരു സംശയം , അമ്മ വരുമോ ? അവന്‍റെ രോഗം ഭേദമായ വിവരം അമ്മയെ ഞാന്‍ അറിയിച്ചിട്ടുണ്ടാവുമോ എന്നും സംശയം. ഏതായാലും ഉച്ചയായപ്പോള്‍ അവന്‍റെ അമ്മ എത്തി. അവന്‍റെ സംശയം തീര്‍ന്നു. ഞാന്‍ അവനു നല്ല വസ്ത്രം മാറാന്‍ കൊടുത്തു. അവനെ കണ്ടാല്‍ ഇപ്പോള്‍ ഒരു കോളേജ് കുമാരനെപ്പോലെയുണ്ട്. ഉച്ച ഭക്ഷണവും കഴിഞ്ഞു എല്ലാവരോടും യാത്ര ചോദിച്ചു അമ്മയും മകനും പുറപ്പെട്ടു. മനസ്സില്‍ ഒരു കുളിര്‍മ. ഒരാള്‍ കൂടി സമൂഹ ജീവിതത്തിലേക്ക്‌ തിരിച്ചു ചെല്ലുന്നു. അവനെ ദൈവം അനുഗ്രഹിക്കട്ടെ. നമുക്ക്‌ ഇതില്‍പ്പരം ആനന്ദം വേറെയെന്തുണ്ട്.


ഇനി വരുന്ന ദിവസങ്ങളിലെ വിശേഷം അടുത്ത തിങ്കളാഴ്ച പറയാം. അതുവരെ ഈ പാവപ്പെട്ട മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിച്ചു കൊണ്ട് തല്‍കാലം വിട പറയുന്നു.