Sep 19, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 1


കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി എത്രയോ പേര്‍ നമ്മുടെ ഈ കൃപാ കേന്ദ്രത്തില്‍ അന്തേവാസികള്‍ ആയി വന്നിട്ടുണ്ട്, നിരവധിപേര്‍ അവരുടെ അസുഖം ഭേദമായി സ്വന്തം ഓര്‍മ്മശക്തി തിരിച്ചുകിട്ടിയതിനുശേഷം അവരുടെ സ്വന്തം ഭവനങ്ങളില്‍ മടങ്ങിപ്പോയിട്ടുണ്ട്. മാറാവ്യാധികള്‍ പിടിപെട്ട ചിലരൊക്കെ ദൈവത്തിലേക്ക് തിരിച്ചു പറന്നിരിക്കുന്നു. എത്രയെത്ര വിശേഷങ്ങള്‍ . സന്തോഷത്തിനും സങ്കടങ്ങള്‍ക്കും ഇവിടെ വ്യത്യാസമില്ല. ജീവിതത്തില്‍ അതികഠിനമായ ദുഖത്താല്‍ നീറുന്നവരോട് എനിക്ക് പറയാനുള്ളത്‌ ഇതാണ് - കഴിയുമെങ്കില്‍ നിങ്ങള്‍ ഒരു മണിക്കൂര്‍ എങ്കിലും ഇവരുടെ കൂടെ ഇവരുമായി സംസാരിച്ചു സമയം ചിലവഴിക്കൂ, നിങ്ങളുടെ മനസ്സിന്റെ ഭാരം പകുതിയെങ്കിലും കുറയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ലതന്നെ. ഇവിടെയുള്ള ഓരോ വിശേഷങ്ങളും നിങ്ങളുമായി പങ്കുവെക്കുവാന്‍ കഴിയുന്നത് വളരെയധികം സന്തോഷം തരുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ എന്‍റെ ഈ ബ്ലോഗെഴുത്ത് ഒരു ഡയറിക്കുറിപ്പ് പോലെ ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.

സപ്തംബര്‍ 11, 2011.

പതിവുപോലെ രാവിലെ എല്ലാവര്‍ക്കും ചായകൊടുത്ത് കഴിഞ്ഞു പ്രഭാത ഭക്ഷണത്തിനു വേണ്ടി ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് അറിഞ്ഞത് നമ്മുടെ ഒരു അന്തേവാസിയായ സുബ്രഹ്മണ്യനെ കാണാനില്ലെന്ന്. രാവിലെ എഴുന്നേറ്റ് ചായകുടിച്ചതാണ്. പിന്നെയെപ്പോഴോ പുറത്ത്‌ കടന്നു എവിടേക്കോ പോയിരിക്കുന്നു. കര്‍ണാടക സംസ്ഥാനത്തെ മടിക്കേരി എന്ന സ്ഥലമാണ് ഇവന്റെ സ്വദേശം. മാനസിക നില തകരാറിലായി സ്വന്തം വീട്ടില്‍ ആരും നോക്കാതെയായി അലഞ്ഞുതിരിഞ്ഞു നടന്ന്‍ എല്ലാവര്‍ക്കും ശല്യമായി മാറിയപ്പോള്‍ അവിടെയുള്ള നാട്ടുകാരാണ് നമ്മുടെ ഭവനത്തെക്കുറിച്ച് കേട്ടറിഞ്ഞു അവനെ ഇവിടെ എത്തിച്ചത്‌. രോഗം മൂര്‍ച്ചിച്ചു അക്രമവാസനയുള്ള നിലയിലായിരുന്ന സുബ്രഹ്മണ്യനെ നാട്ടുകാര്‍ കയ്യും കാലും ബന്ധിച്ചായിരുന്നു ഇവിടെ കൊണ്ടുവന്നത്. മാനസികാരോഗ്യം വളരെയധികം വീണ്ടെടുത്തു കഴിഞ്ഞ സുബ്രഹ്മണ്യന്‍ അവന്‍റെ നാടിനെയും വീട്ടിനെയും പെട്ടെന്ന് ഓര്‍ത്തിരിക്കണം അതായിരിക്കും ഇവിടെനിന്നു പുറപ്പെട്ടത്‌. അവന്‍റെ രോഗം പൂര്‍ണ്ണമായി ഭേദമാകാതെ ഇവിടെ നിന്ന് പറഞ്ഞയക്കില്ല എന്ന്‍ അവനറിയാമായിരുന്നു. മാനസികരോഗം പൂര്‍ണ്ണമായി ഭേദമാകാത്തവര്‍ താമസിക്കുന്ന ഹാളിന്റെ വാതില്‍ എപ്പോഴും പൂട്ടിയിടാറുണ്ട്, പക്ഷെ രാവിലെ ഓരോരുത്തരെയായി പ്രഭാതകര്‍മ്മത്തിനു കൊണ്ടുപോകാന്‍ അത് തുറക്കുമ്പോള്‍ നമ്മള്‍ അറിയാതെ ചിലര്‍ ആ വാതിലൂടെ പുറത്ത്‌ കടക്കും. നമ്മുടെ ഭവനം സ്ഥിതി ചെയ്യുന്നത് റോഡിനു തൊട്ട് തന്നെ ആയതും ഭവനത്തിന് ചുറ്റുമതില്‍ ഇല്ലാത്തത് കൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്.

അടുത്ത ബസ്‌ സ്റ്റോപ്പിലും, കടകളിലും മറ്റും തിരഞ്ഞെങ്കിലും അവനെ കണ്ടെത്തിയില്ല. ഉടന്‍ തന്നെ അവനെ ഇവിടെ എത്തിച്ചവരെ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. (അടുത്ത ദിവസം അവന്‍ നാട്ടില്‍ സുരക്ഷിതനായി എത്തിയിരിക്കുന്ന വിവരം ലഭിച്ചു. അത് വളരെ ആശ്വാസമായി )


സപ്തംബര്‍ 12, 2011.

ഇന്ന് ഒരു ദുഃഖ ദിനമാണ്. വര്‍ഷങ്ങളായി നമ്മുടെ കൂടെയുണ്ടായിരുന്ന ലിജോയുടെ വേര്‍പാട് മനസ്സിന് ഒരു മുറിവ് തന്നിരിക്കുന്നു. അവനു ജീവിതം അധികം നീളില്ല എന്നറിയാമായിരുന്നു എന്നാലും ഒരു മകനെപ്പോലെ ഞാന്‍ പരിചരിച്ച അവന്‍റെ മുഖം എങ്ങിനെ മറക്കും. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അവന്‍റെ മരണവും ഒരു സന്തോഷം നല്‍കുന്നു. ഈ ജീവിതത്തിലെ അതികഠിനമായ ദുരിതം അവസാനിപ്പിച്ചു ദൈവം അവനെ തിരിച്ചു വിളിച്ചതാണല്ലോ. കാസര്‍ഗോഡ് സ്വദേശിയായ ലിജോ ജനനം മുതല്‍ രോഗാവസ്ഥയില്‍ ആയിരുന്നു. ഇത്തരത്തില്‍ രോഗാവസ്ഥയില്‍ ഇല്ലെങ്കിലും അവന്‍റെ സഹോദരങ്ങള്‍ മുഴുവനും ബുദ്ധിമാന്ദ്യമുള്ളവരാണ്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ 'എന്‍ഡോസള്‍ഫാന്‍ന്റെ ബാക്കിപത്രങ്ങള്‍ . എല്ലാ മക്കളും ഇത്തരത്തില്‍ പിറന്ന മാതാപിതാക്കളുടെ വേദനയോളം വരില്ലല്ലോ നമ്മുടെ ദുഃഖം.

സപ്തംബര്‍ 15, 2011.
മഴക്കാലമായാല്‍ മനസ്സില്‍ എപ്പോഴും തീയാണ്. വൃദ്ധരും രോഗാവസ്ഥയിലുള്ളവരുമായ അന്തേവാസികള്‍ക്ക് രോഗം കൂടാന്‍ സാധ്യതയുള്ള കാലാവസ്ഥ. പലവിധ സാംക്രമികരോഗങ്ങള്‍ നാട്ടില്‍ മുഴുവന്‍ പടരുന്ന സമയം. ശുചിത്വം കര്‍ശനമായി പാലിച്ചേ മതിയാവൂ. അപ്പോഴാണ്‌ വസ്ത്രം ഉണക്കുന്ന പ്രവൃത്തി കീറാമുട്ടിയായി വരുന്നത്. വേനല്‍ക്കാലത്ത് എവിടെ വേണമെങ്കിലും വെയിലത്ത്‌ വസ്ത്രം കഴുകി ഉണക്കാം പക്ഷെ, മഴക്കാലം വന്നാല്‍ കഷ്ടപ്പാട് തന്നെ. മഹാമാനസ്കരും സമൂഹ സ്നേഹികളുമായ അഭ്യുദയകാംക്ഷികളുടെ സഹായം പ്രതീക്ഷിച്ച് ആരംഭിച്ചിരിക്കുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ മാത്രമേ ഇതിനു ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. കൂടാതെ സ്ഥലപരിമിതി കുറക്കാന്‍ അല്‍പംകൂടി ഭൂമി കൂട്ടിച്ചേര്‍ക്കണം. ഹാളുകളില്‍ അടച്ചിട്ട് ജീവിക്കുന്ന ഇവര്‍ക്ക്‌ തുറസ്സായ സ്ഥലത്ത്‌ പ്രകൃതിയുമായി ചേര്‍ന്ന് സമയം ചിലവഴിക്കാന്‍ കഴിഞ്ഞാല്‍ അവരുടെ മാനസികാരോഗ്യം വളരെയധികം മെച്ചപ്പെടും.

രണ്ടു മൂന്നു ദിവസമായി പനി ബാധിച്ചു കിടന്ന സുകുമാരന് പനി തീരെ കുറയുന്നില്ല. ഡോ. രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന്‍ പുതുതായി രണ്ടു പേര്‍ക്ക് നമ്മുടെ ഭവനത്തില്‍ അഭയം നല്‍കി. ഒന്ന് ശ്രീ രാജീവന്‍. അമ്പത്തഞ്ചു വയസ്സുള്ള രാജീവന്‍ തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ്. ഡ്രൈവര്‍ ജോലിക്കിടയില്‍ അപകടം പറ്റി കാലില്‍ വന്ന മുറിവ് പ്രമേഹരോഗം നിമിത്തം ഉണങ്ങാതാവുകയും ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. ജീവിക്കാന്‍ മറ്റു വഴികളില്ലാതെ പല അഭയകേന്ദ്രങ്ങളിലും കഴിഞ്ഞിട്ടുള്ള ഇദ്ദേഹം ഇന്ന് വൈകീട്ട് പെട്ടെന്ന് സ്വയം ഇവിടെ വരികയും അഭയം അപേക്ഷിക്കുകയും ചെയ്തു. എത്ര തന്നെ വിഷമം ഉള്ളപ്പോഴും അഭയം തേടി വരുന്നവരെ മടക്കി അയക്കാന്‍ ഞങ്ങള്‍ ഒരിക്കലും മുതിരാറില്ല. അങ്ങിനെ ശ്രീ രാജീവനും നമ്മുടെ കുടുംബത്തില്‍ ഒരു ഭാഗമായി.

അത് പോലെ തന്നെ ശ്രീ രഘുനാഥ് എന്നദ്ദേഹവും അപ്രതീക്ഷിതമായി സ്വയം വന്നു ചേര്‍ന്നിരിക്കുന്നു. ഇദ്ദേഹം വളരെ നല്ല നിലയില്‍ വിദ്യാഭ്യാസവും ഉദ്യോഗവും നേടിയതാണ്. ന്യൂഡല്‍ഹിയില്‍ കുടുംബസമേതം ജീവിച്ചിരുന്ന ഇദ്ദേഹം മദ്യപാനവും മറ്റു ദുശ്ശീലങ്ങളും കാരണം കുടുംബവുമായി അകലുകയും അതെ സമയം തന്നെ സോറിയാസിസ് രോഗം ബാധിച്ച് ഭാര്യയാല്‍ വെറുക്കപ്പെട്ട് എല്ലാം ഉപേക്ഷിച്ച് അലഞ്ഞു തിരിയുകയായിരുന്നു. നമ്മുടെ ഭവനത്തെ എങ്ങിനെയോ കേട്ടറിഞ്ഞ ഇദ്ദേഹം ഇവിടെ എത്തി അഭയം ചോദിക്കുകയായിരുന്നു.

അങ്ങിനെ നമുക്ക്‌ രണ്ടു ബന്ധുക്കളെ കൂടെ ലഭിച്ചിരിക്കുന്നു.

സപ്തംബര്‍ 17, 2011.

ഈയാഴ്ച മൂന്നാമതായി ഒരു വ്യക്തിക്ക് ഇന്ന് അഭയം കൊടുത്തു. യശോധരന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. മദ്യപാനം ജീവിതത്തെ നശിപ്പിച്ച മറ്റൊരു വ്യക്തി. വീട്ടുകാര്‍ കൈവിട്ടു കടത്തിണ്ണകളില്‍ ജീവിക്കവേ മദ്യപാനവും തുടര്‍ന്നുള്ള പരാക്രമങ്ങളും സഹിക്കവയ്യാതെ നാട്ടുകാര്‍ ഇവിടെ കൂട്ടിക്കൊണ്ടുവരികയായിരിന്നു. മേലാസകലം വ്രണങ്ങളും എഴുന്നേറ്റിരിക്കാന്‍ പോലും ശക്തിയില്ലാതെ ഒരു ജീവശ്ചവമായിട്ടാണ് ഇദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. ഇവരെ ഞാന്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. എന്നാല്‍ കഴിയുന്ന സഹായം ഞാന്‍ ചെയ്യും അതിനു ഈശ്വരന്‍ എനിക്ക് കരുത്ത് പകരുമെന്ന് നല്ല വിശ്വാസവുമുണ്ട്.


പ്തംബര്‍ 18, 2011.

സാബു ഇന്ന് വളരെ സന്തോഷത്തിലാണ് , അവന്റെ അമ്മ അവനെ കൂട്ടികൊണ്ടുപോകാന്‍ വരും. എന്നാലും ഇടക്ക്‌ ഒരു സംശയം , അമ്മ വരുമോ ? അവന്‍റെ രോഗം ഭേദമായ വിവരം അമ്മയെ ഞാന്‍ അറിയിച്ചിട്ടുണ്ടാവുമോ എന്നും സംശയം. ഏതായാലും ഉച്ചയായപ്പോള്‍ അവന്‍റെ അമ്മ എത്തി. അവന്‍റെ സംശയം തീര്‍ന്നു. ഞാന്‍ അവനു നല്ല വസ്ത്രം മാറാന്‍ കൊടുത്തു. അവനെ കണ്ടാല്‍ ഇപ്പോള്‍ ഒരു കോളേജ് കുമാരനെപ്പോലെയുണ്ട്. ഉച്ച ഭക്ഷണവും കഴിഞ്ഞു എല്ലാവരോടും യാത്ര ചോദിച്ചു അമ്മയും മകനും പുറപ്പെട്ടു. മനസ്സില്‍ ഒരു കുളിര്‍മ. ഒരാള്‍ കൂടി സമൂഹ ജീവിതത്തിലേക്ക്‌ തിരിച്ചു ചെല്ലുന്നു. അവനെ ദൈവം അനുഗ്രഹിക്കട്ടെ. നമുക്ക്‌ ഇതില്‍പ്പരം ആനന്ദം വേറെയെന്തുണ്ട്.


ഇനി വരുന്ന ദിവസങ്ങളിലെ വിശേഷം അടുത്ത തിങ്കളാഴ്ച പറയാം. അതുവരെ ഈ പാവപ്പെട്ട മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിച്ചു കൊണ്ട് തല്‍കാലം വിട പറയുന്നു.

No comments:

Post a Comment