ഇവിടെ എല്ലാ ദിവസവും വിശേഷങ്ങള്‍ തന്നെ. അത് മുഴുവന്‍ എഴുതുകയാണെങ്കില്‍ പിന്നെ മറ്റൊന്നിനും സമയം കാണില്ല. അത്രയധികം കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷെ ഇപ്പോള്‍ എഴുതാനിരിക്കുമ്പോഴാണെങ്കില്‍ പലതും ഓര്‍മ്മിക്കാനും കഴിയുന്നില്ല. ഇനി ദിവസേനയെന്നോണം കാര്യങ്ങള്‍ കുറിച്ചുവയ്ക്കാന്‍ നോക്കണം അല്ലെങ്കില്‍ പലതും വിട്ടുപോകും. ഇവിടെ വരുന്നവരോടൊക്കെ നമ്മുടെ വെബ്സൈറ്റ് തുടങ്ങിയ കാര്യം അറിയിച്ചു. എല്ലാവരും നല്ല പ്രോത്സാഹനം തരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും സഹായംകൊണ്ട് തന്നെയാണ് നമ്മുടെ സ്ഥാപനം മുന്നോട്ട് പോകുന്നത്. അതിനു എല്ലാവര്‍ക്കും ദൈവാനുഗ്രഹം തീര്‍ച്ചയായും ഉണ്ടാവുന്നതാണ്.
21/09/2011
കുറേക്കാലമായി പലരും ആവശ്യപ്പെടുന്നു, പ്രഭാത ഭക്ഷണം 'പൂരി' വേണമെന്ന്. ഇത്രയും പേര്‍ക്ക് പൂരി ഉണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ, എന്നാലും ഇവരുടെ ഒരാഗ്രഹവും അങ്ങിനെ തള്ളിക്കളയാനാവില്ല. എന്തു തന്നെ വന്നാലും ഇന്ന് 'പൂരി' ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. അതിരാവിലെ തന്നെ ഒരുക്കങ്ങള്‍ തുടങ്ങി അധികം വൈകാതെ തന്നെ എല്ലാവര്‍ക്കും തൃപ്തികരമായവിധത്തില്‍ തന്നെ കൊടുത്തു. എല്ലാവരുടെയും സന്തോഷം കണ്ടപ്പോള്‍ത്തന്നെ സ്വന്തം വയറു നിറഞ്ഞു.
22/09/2011
ഇന്ന്‍ ഒരു പുതിയ അന്തേവാസി കൂടി ഞങ്ങളുടെ കൂടെ ചേര്‍ന്നു. അദ്ദേഹത്തിന്‍റെ പേര് ഗണേശന്‍ എന്നാണ്. ഏകദേശം 35 വയസ്സ് പ്രായം വരും. തലശ്ശേരിയിലെ ജനമൈത്രി പോലീസും ചില നാട്ടുകാരുമാണ് അദ്ദേഹത്തിനെ ഇവിടെ എത്തിച്ചത്. തലശ്ശേരി ഓവര്‍ബ്രിഡ്ജിന്റെ കീഴില്‍ ചെരുപ്പ് നന്നാക്കുന്ന ജോലി ചെയ്തിരുന്ന ഇദ്ദേഹം അമിത മദ്യപാനം മൂലം രോഗാതുരനായി, കാലില്‍ നീരുവന്ന്‍ വീര്‍ത്ത് എഴുന്നേറ്റ് നില്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ആണ് ഇവിടെ എത്തിക്കപ്പെട്ടത്. ഇവിടെയുള്ള അന്തേവാസികളില്‍ പലരും ഇത്തരത്തില്‍ അവശനിലയില്‍ എത്തിയതിനുശേഷം സുഖം പ്രാപിച്ചവരാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഗണേശനും ദൈവത്തിന്റെ കൃപ കൊണ്ട് സുഖം പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
23/09/2011
ഇന്ന രണ്ടുപേര്‍ക്ക് കൂടി ഇവിടെ പ്രവേശനം കൊടുത്തു. ആദ്യം വന്നത് മുനിയപ്പന്‍ എന്ന 65 വയസ്സ് പ്രായം വരുന്ന ഒരു വ്യക്തിയാണ്. മാഹി എന്ന സ്ഥലത്ത് താമസിച്ചുകൊണ്ടിരുന്ന ഇദ്ദേഹം കടുത്ത ആസ്ത്മ രോഗിയാണ്. കോട്ടയം സ്വദേശിയായിരുന്ന ഇദ്ദേഹം ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകനും വിവാഹിതനും രണ്ട് ആണ്‍മക്കളുടെ പിതാവുമായിരുന്നു. പിന്നീട് മാഹിയില്‍ വരികയും വേറെ കല്യാണം കൂടി കഴിച്ചു. ഇപ്പോള്‍ രോഗബാധിതനായി ജോലി ചെയ്യാന്‍ കഴിയാതെ വരികയും ശുശ്രൂഷ ചെയ്യാന്‍ ആരുമില്ലാതെ വരികയും ചെയ്തപ്പോള്‍ നമ്മുടെ സ്ഥാപനത്തെ കേട്ടറിഞ്ഞു സ്വയം വന്നതാണ്.
രണ്ടാമത് വന്നത് ഏകദേശം 40 വയസ്സ് പ്രായം വരുന്ന സൂരജ് ആണ് . പന്നിയന്നൂര്‍ ആണ് സ്വദേശം. അച്ഛനും അമ്മയും മുന്‍പ് തന്നെ മരിച്ചുപോയിരുന്നു. സ്വതവേ കുറച്ചു തോതില്‍ മാനസിക തകരാറുണ്ടായിരുന്ന സൂരജിന് സ്വന്തം സഹോദരന്റെ ആത്മഹത്യ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അത് സൂരജിന്റെ മാനസികരോഗം വളരെ വര്‍ദ്ധിപ്പിച്ചു. സഹായത്തിനു ആരും ഇല്ലാതെവന്ന സ്ഥിതിയില്‍ ചില ബന്ധുക്കള്‍ അദ്ദേഹത്തിനെ ഇവിടെ എത്തിച്ചു.
24/09/2011
പനി ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുകുമാരനെ അസുഖം ഭേദമായതുകാരണം തിരിച്ചു കൊണ്ട് വന്നു.
25/09/2011
നമ്മുടെ പഴക്കം ചെന്ന അന്തേവാസികളില്‍ ഒരാളായ സന്തോഷിനു ഒരാഗ്രഹം. നല്ല 'കപ്പയും ഇറച്ചിക്കറിയും' കഴിക്കണം. കുറച്ചു ദിവസങ്ങളായി അവന്‍ എന്നെ കാണുമ്പോഴൊക്കെ ചോദിക്കുന്നു. എന്തു ചെയ്യുമെന്ന് കരുതി നില്‍ക്കുമ്പോഴാണ് ആവശ്യത്തിലധികം കപ്പയുമായി ഒരു മഹാമാനസ്കയായ അഭ്യുതയകാംക്ഷി ഇവിടെ എത്തിയത്. കൂടാതെ ഇറച്ചിക്കറി ഉണ്ടാക്കാനാവശ്യമായ സഹായവും മറ്റൊരു മാന്യദ്ദേഹത്തില്‍ നിന്നും ലഭിച്ചു. പിന്നെ ഒട്ടും അമാന്തിച്ചില്ല ഉച്ചയാവുംപോഴേക്കും ഭക്ഷണം റെഡി. ഒരു കാര്യം പറയാനുള്ളത് ഇതാണ്, കൂടുതലും മാനസികരോഗികളും, വാര്‍ദ്ധക്യസഹജമായ രോഗം ബാധിച്ചവരുമായ നമ്മുടെ അന്തേവാസികള്‍ മനസ്സിരുത്തി എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് നമ്മെ സഹായിക്കുന്ന പലരുടെയും രൂപത്തില്‍ ദൈവം തന്നെ ഇവിടെ എത്തിച്ചു തരുന്നു. ഇത് ഞാന്‍ അനുഭവിച്ചറിയുന്നു.
ഇനി ഈയാഴ്ചത്തെ വിശേഷങ്ങളുമായി അടുത്ത തിങ്കളാഴ്ച വീണ്ടും എഴുതാം. അതുവരേക്കും വിട. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.