മലയാളമനോരമയുടെ വാരാന്ത്യപതിപ്പായ METRO മനോരമയില്‍ 2010 ഒക്ടോബര്‍ മുപ്പത് ശനിയാഴ്ച ഞങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനം പകര്‍ത്തെഴുതിക്കൊണ്ട് ഈ ബ്ലോഗെഴുത്ത് ഞാന്‍ ആരംഭിക്കുന്നു.
====================================================================
പുഴുവരിക്കുന്ന ശരീരവുമായി തെരുവില്‍ കിടക്കുന്ന മനുഷ്യര്‍ക്കും മനസ്സിന്റെ താളം തെറ്റി അലയുന്ന ഹതഭാഗ്യര്‍ക്കും കൂടൊരുക്കി സന്തോഷ് - നിര്‍മല ദമ്പതികള്‍ പേരാവൂര്‍ തെറ്റുവഴിയില്‍ കൃപാലയം (കൃപ ചാരിറ്റബിള്‍ ട്രസ്റ്റ് ) എന്നു പേരിട്ട കാരുണ്യ ഭവനത്തില്‍ നടത്തിപ്പുകാരോ അന്തേവാസികളോ ഇല്ല. ഇവിടെ എത്തുന്നവരെല്ലാം വീട്ടിലെ കുടുംബാംഗങ്ങള്‍. നിലവില്‍ എണ്‍പത് പേരുള്ള കുടുംബത്തിന്റെ നാഥന്‍ എം.വി. സന്തോഷ് എന്ന മുപ്പത്തിയെഴുകാരനാണ്.
സന്തോഷിനും ഭാര്യ നിര്‍മ്മലയ്ക്കും മക്കളായ മാനുവല്‍ (അഞ്ച് ), സോളമന്‍ (മൂന്നര ) ജോയല്‍ (രണ്ട് ) സാവൂള്‍ (മൂന്നു മാസം ) എന്നിവര്‍ക്കുമൊപ്പം ഈ എണ്‍പത് പേരും കൃപാലയത്തിലാണ് താമസം. മനോവൈകല്യമുള്ളവര്‍, കുഷ്ഠരോഗബാധിതര്‍ , നട്ടെല്ല് തകര്‍ന്നവര്‍ , ജീവിതത്തിന്റെ സായന്തനത്തില്‍ വഴിയാധാരമാക്കപ്പെട്ടവര്‍ തുടങ്ങി ഉറ്റവരോ ബന്ധുക്കളോ ഇല്ലാത്തവര്‍ , ബന്ധുക്കളുണ്ടെങ്കിലും നോക്കാനാളില്ലാത്തവര്‍ , ശയ്യാവലംബിയായ ഇവര്‍ക്കൊക്കെ കുന്നോളം സ്നേഹം പകര്‍ന്നു നല്‍കി അവരുടെ വേദനയില്‍ മരുന്നു പുരട്ടി ജീവിതത്തില്‍ ആനന്ദം കണ്ടെത്തുകയാണ് ഈ യുവ ദമ്പതികള്‍ .
ഇവര്‍ക്കൊപ്പം ദൈവവിളി കേട്ട് ആതുര ശുശ്രൂഷക്ക് ഇറങ്ങിത്തിരിച്ച പുന്നശ്ശേരി കൊച്ചേട്ടന്‍, ഭാര്യ ഗ്രേസി, പ്രേമ, പാറാല്‍ ബാബു, ജിജോ തുടങ്ങിയവരും ഈ ശുശ്രൂഷയില്‍ പങ്കാളികളാവുന്നു.
ബൈക്കപകടത്തില്‍ തോളെല്ല് തകര്‍ന്ന്‍ ആതുര ശുശ്രൂഷാ കേന്ദ്രത്തില്‍ എത്തുന്നതോടെയാണ് ആരോരുമില്ലാത്തവരെ ശുശ്രൂഷിക്കുക എന്ന ആശയം സന്തോഷിന്റെ മനസ്സില്‍ മുള പൊട്ടുന്നത്. അങ്ങനെ ധ്യാനകേന്ദ്രത്തില്‍എത്തി. ഇതിനിടയില്‍ സമാന ചിന്താഗതിയുള്ള നിര്‍മലയുമായുള്ള വിവാഹാലോചന തേടിയെത്തി.
തെറ്റുവഴിയില്‍ കരിസ്മാറ്റിക് ഗ്രൂപ്പിന് കീഴില്‍ ഉറ്റവരില്ലാത്ത സ്ത്രീകളെയും കുട്ടികളെയും ശുശ്രൂഷിക്കുന്ന ഈ ബി കോം ബിരുദധാരിണിയെ ജീവിതപങ്കാളിയാക്കുന്നതോടെ ഏഴ് വര്‍ഷം മുന്‍പ് ശുശ്രൂഷാകേന്ദ്രത്തിന്റെ ഒരു ഭാഗത്ത് കൊച്ചു വീടുവച്ചു. തലശ്ശേരി ജനറല്‍ ആശുപത്രി സര്‍ജിക്കല്‍ വാര്‍ഡില്‍ കാലില്‍ വ്രണവുമായി കഴിഞ്ഞ കുഞ്ഞപ്പയെന്ന എണ്‍പത്‌കാരനാണ് ആദ്യമായി ഈ വീട്ടിലേക്കെത്തിയത്.
ആളുകള്‍ കൂടിയതോടെ പാര്‍പ്പിക്കാന്‍ സൗകര്യമില്ലാതായി. 25 സെന്റ് സ്ഥലത്തിന്റെ ഒരു ഭാഗത്ത് മൂന്നു നില കെട്ടിടത്തിന്റെ പണി ആരംഭിച്ചെങ്കിലും താഴത്തെ നില മാത്രമാണ് പൂര്‍ത്തിയായത്. ഇതിനകത്ത് മനോ വൈകല്യമുള്ള 40 പേര്‍ . മുകളിലത്തെ നിലയില്‍ ഭാഗികമായി പണിത ഹാളിലാണ് മറ്റുള്ളവര്‍ . സന്തോഷിന്റെ വീടിന്റെ അടുക്കളയില്‍ പാകം ചെയ്യുന്ന ഭക്ഷണമാണ് എല്ലാവരും പങ്കുവച്ചു കഴിക്കുന്നത് .
വിവാഹം, ജന്മദിനം , ചരമ അടിയന്തരം തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഉദാരമതികള്‍ നല്‍കുന്ന സഹായത്തിലാണ് ഇവിടെയുള്ളവര്‍ക്ക് മൂന്ന് നേരം സ്വന്തം വീട്ടിലെന്നപോലെ ആഹാരം നല്‍കുന്നത് .
സന്മനസ്സുള്ളവരില്‍ പ്രതീക്ഷയര്‍പ്പിച്ച് കെട്ടിടം പണി പൂര്‍ത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണിവര്‍ .
മാറാരോഗികളെ പരിചരിക്കുന്നതും വ്രണങ്ങളില്‍ മരുന്ന് വച്ച് മുറിവുണക്കുന്നതുമെല്ലാം ഈ ദമ്പതികള്‍ തന്നെ. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏറെ മനുഷ്യസ്നേഹികളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.
മാസത്തില്‍ ഒരു തവണ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് സിസ്റ്റര്‍ ഡോ. വിനിത ഇവിടെ എത്തി മനോവൈകല്യമുള്ളവരെ പരിശോധിക്കും. രശ്മി ഹോസ്പിറ്റലിലെ ഡോ. രാമചന്ദ്രന്റെ സേവനം അശരണരായ ഈ മനുഷ്യര്‍ക്ക് ഏതു സമയത്തും ലഭിക്കും.
ഒപ്പം ഡോ. തങ്കം പുന്നൂസ് മരുന്നുള്‍പ്പെടെ ഇവിടെ എത്തിക്കും.
അവശതയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ക്ക് തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കാന്‍ ഇവര്‍ക്ക് പദ്ധതികളുമണ്ട്. ഇതിനായി ഒന്നര ഏക്കര്‍ സ്ഥലമെങ്കിലും വേണം. സ്ഥലം സമീപത്ത് തന്നെ കണ്ടെത്താമെങ്കിലും പണമില്ലെന്നതാണ് തടസ്സം.
സ്വന്തം മക്കളെ രോഗികളും അവശരുമായവര്‍ക്കൊപ്പം വളര്‍ത്തുന്നത് എങ്ങനെയെന്ന ചോദ്യത്തിന് സന്തോഷിന് വ്യക്തമായ ഉത്തരമുണ്ട്. ഇവിടെ കഴിയുന്നവരെല്ലാം ഒരു വീട്ടിലെ അംഗങ്ങളാണ്.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ക്ക് തങ്ങളുടെ മക്കളെയും പേരക്കുട്ടികളെയും തന്റെ മക്കളില്‍ ദര്‍ശിക്കാനാവുന്നതിലൂടെ അവര്‍ക്ക് ലഭിക്കുന്ന മാനസിക സംതൃപ്തിയില്‍ നിന്ന് തിരിച്ചു ലഭിക്കുന്ന അനുഗ്രഹമാണ് തന്റെ നാല് മക്കള്‍ക്കുള്ള ഏറ്റവും വലിയ സമ്പത്ത്. സന്തോഷ് തന്റെ നയം വ്യക്തമാക്കുന്നു.
====================================================================
No comments:
Post a Comment